സ്ത്രീ — പാശ്ചാത്യ സംസ്കൃതിയിൽ

 സ്ത്രീ — പാശ്ചാത്യ സംസ്കൃതിയിൽ

ബ്രിട്ടിഷ് ദ്വീപുകൾ മുതൽ കിഴക്ക് തുർക്കി വരെ വിശാലമായി കിടക്കുന്ന യൂറോപിയൻ ഭൂഖണ്ഡത്തിന്റെ ചരിത്രം പരിശോധിച്ചാൽ പ്രാചീന ഗ്രീക്ക് — റോമൻ , ഈജിപ്ഷ്യൻ — മെസൊപൊട്ടാമിയൻ സംസ്കാരങ്ങളിൽ നിന്നാണ് അങ്ങ് ദൂരെ മാറി പടിഞ്ഞാറ് കിടക്കുന്ന ബ്രിട്ടീഷുകാരടക്കമുള്ള പാശ്ചാത്യർ തങ്ങളുടെ പൂർവികമേന്മ പ്രതിഫലിപ്പികാൻ ശ്രമിക്കുന്നത് എന്ന് കാണാം. അതുകൊണ്ട് ഇവിടങ്ങളിലെ ചരിത്രമാണ് പുരാതന സംസ്കൃതി ആയി യൂറോപിയന്മാർ കണക്കാക്കുന്നത്.
പ്രാചീന സംസ്കൃതികളിലെല്ലാം തന്നെ ദേവീ സങ്കല്പം ശക്തമായി നിലനിന്നിരുന്നു എന്നാണു ചരിത്രകാരന്മാർ പറയുന്നത്. ‘മതർ ഗോഡസ്സ് , മാതൃഭാവത്തിലുള്ള ദേവി യായിരുന്നു പ്രധാന ആരാധനാമൂർത്തിയായിരുന്നത്.

  ഈജിപ്ഷ്യൻ സംസ്കാരം 

11265250_987379231281200_7311948686285255240_n

സ്ത്രീ പുരുഷ സമത്വം വിളയാടിയിരുന്ന സമൂഹമായിരുന്നു പുരാതന ഈജിപ്തിലെന്നാണ് ചരിത്രഭാഷ്യം. സ്ത്രീകൾ ജോലി ചെയുകയും, സ്വത്തവകാശവും അധികാരവും ഉള്ളവരുമായിരുന്നു. കുടുംബാന്തരീക്ഷം സുദൃഢമായി കൊണ്ട് പോകേണ്ട ഉത്തരവാദിത്തം പക്ഷെ സ്ത്രീകൾക്കായിരുന്നു. മാത്ശ, ഹതോർ, ഐസിസ് തുടങ്ങിയ ശക്തരായ സ്ത്രീ മൂർത്തികളെ ചിത്രീകരിച്ചിരിക്കുന്ന ക്ഷേത്രങ്ങളും, ചുവരുകളും, പാപ്പിറസ് താളുകളും സ്ത്രീകളെയും പുരുഷന്മാരെയും ഒരേ കണ്ണിലൂടെ കണ്ട ഒരു സമൂഹത്തെ നമുക്കു മുന്നില് തുറന്നു വെക്കുന്നുവെങ്കിലും, ക്രിസ്തുമതത്തിന്റെ വരവോടു കൂടി സ്ത്രീകളുടെ ഈ സുവർണ്ണകാലം അസ്തമിച്ചു

ഗ്രീസ് :

ദേവഗണത്തിൽ സ്ത്രീകളും പ്രധാനികളായിരുന്നു. കന്യകകൾ പുരോഹിതകൾ ആയി വർത്തിച്ചിരുന്നു. എന്നിരുന്നാലും സ്ത്രീകൾ ഗൃഹസ്ഥകളായിതുടർന്ന് പ്രത്യുല്പ്പാദനം എന്ന കർതവ്യ പാലനതിനായാണ് പിറന്നു വീണത്‌ എന്ന പൊതു ചിന്താഗതിയായിരുന്നു പ്രാചീന ഹെലനിസ്റ്റിക് സമൂഹത്തിലുണ്ടായിരുന്നത്. കുടുംബാംഗമല്ലാത്ത പുരുഷന്മാരുമായുള്ള സംവേദനം പ്രോത്സാഹിക്കപ്പെട്ടിരുന്നില്ല. സ്ത്രീകൾ മിക്കവാറും വീടിനകത്തുള്ള ജോലികൾ മാത്രം ചെയ്തു പോന്നു. എന്നാൽ സ്പാർറ്റൻ സ്ത്രീകള് ആയുധപരിശീലനം നടത്തുകയും ഭൂമി കൈവശം വെക്കുകയും വീഞ്ഞ് കുടിക്കുകയും ചെയ്തിരുന്നു. വിവാഹം പിതാവിന്റെ താല്പര്യപ്രകാരം നടത്തിവന്നു. ചുരുക്കത്തിൽ, ഗ്രീക്ക് സമൂഹം പുരുഷകേന്ദ്രീകൃതമായിരുന്നുവെങ്കിലും ഒരു വിഭാഗം സ്ത്രീകൾ ചില സൌഭാഗ്യങ്ങളും അവകാശങ്ങളും അനുഭവിച്ചു പോന്നു .

പുരാതന റോം :

11215807_987379734614483_7816140507257023087_n

പ്രാചീന ഗ്രീക്കുകാരെ പോലെ സ്ത്രീപുരുഷന്മാരെ വ്യത്യസ്തവർഗ്ഗമായി റോമാക്കാർ കണ്ടിരുന്നില്ല. കുടുംബകേന്ദ്രീകൃതമായിരുന്നു റോമൻ സമൂഹം. ‘വിവാഹബന്ധത്തിൽ ’ ജനിച്ച സന്തതിക്ക് വളരെയധികം പ്രാധാന്യമുണ്ടായിരുന്നു. ഗൃഹണികൾ അടിമകളോടൊപ്പം ഗൃഹപരിപാലനവും കൈതൊഴിലും ചെയ്തു പോന്നു. മേൽജാതികാർ സാഹിത്യം, തത്വചിന്ത എന്നിവയിൽ പ്രവീണ്യം നേടിപോന്നു. സ്ത്രീകള്ക്ക് പൊതു സമൂഹത്തിൽ പരിമിതമായ ഭൂമികയെ നിർവഹിക്കാനുണ്ടായിരുന്നുള്ളൂ. സമകാലീന സാഹിത്യസൃഷ്ടികളിൽ പൊതുരംഗത്തു വിളങ്ങിയ സ്ത്രീകളെ അസൂയാലുക്കളും അഹങ്കാരികളും തന്റെ പുരുഷനോട് ആരോഗ്യകരമായ ബന്ധം പുലർതാൻ കഴിയാത്തവളുമൊക്കെ ആയി ചിത്രീകരിച്ചിരിക്കുന്നതായി കാണാം. പുരുഷകേന്ദ്രീകൃതമായിരുന്നെങ്കിലും വെസ്ടൽ വിർജിനും (ദേവദാസികൾ /പുരോഹിത ) റോമൻ മത വിശ്വാസത്തിൽ സ്ഥാനം ഉണ്ടായിരുന്നു.

ഹൊർതെൻസിയ , കൊർനെലിയ, സേർവിയ , ഫുൾവിയ, ഡോമ്ന, ലുലിയ തുടങ്ങിയവർ ചരിത്രത്തിൽ ഇടം നേടിയ റോമൻ മഹിളകളാണ്. തന്റെ രചനകളിലൂടെ പ്രസിദ്ധയായ അലക്സാണ്ട്രിയയിലെ ഹൈപഷിയ, പക്ഷെ 415 ൽ ക്രിസ്ത്യൻ ജനകൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപെട്ടു.
“ നമുക്ക് അവരോടൊത്ത് അത്ര സുഖകരമായി കഴിയാൻ പാകത്തിനല്ല പ്രകൃതിയെങ്കിലും അവരില്ലാതെ ജീവിക്കാൻ നമുക്ക് കഴിയില്ല എന്നതാണ് സത്യം” എന്ന മേറ്റെല്ലാസ് നുമിദിക്കസിന്റെ വാക്കുകൾ റോമാക്കാർക്കു സ്ത്രീകളോടുള്ള മനോഭാവം സ്പഷ്ടമാക്കുന്നു.

മെസപൊട്ടേമിയ :

11046780_987379011281222_2120712626233048416_n

മെസപൊട്ടേമിയയിലെ സ്ത്രീകളുടെ പ്രധാന കർത്തവ്യം പുത്രന്മാർക്കു ജന്മം നല്കുക എന്നതായിരുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം ഉണ്ടായിരുന്നു. കുടുംബകാര്യങ്ങളിൽ ചിലപ്പോളൊക്കെ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടായിരുന്നെങ്കിലും പിതൃദായകസമൂഹമായിരുന്നു അവരുടേതു. മൂവായിരം ബി സി യിൽ ദേവീ സങ്കൽപ്പത്തിലധിഷ്ടിതമായിരുന്നെങ്കിലും രണ്ടായിരം ബിസി ആയപ്പോഴേക്കും പുരുഷ ദേവതകൾ പ്രധാനികളായി. എങ്കിലും സുമേറിയൻ നാഗരികത സ്ത്രീ കേന്ദ്രീകൃത ദേവഗണത്തെ ആരാധിച്ചിരുന്നു എന്ന് അനുമാനിക്കുന്നു. സ്ത്രീ പുരോഹിതകൾ പുരുഷ ദൈവത്തെയും പുരുഷ പുരോഹിതർ സ്ത്രീ ദൈവത്തെയും പൂജിച്ചു . അടിമവ്യവസ്ഥ ഗ്രീസിലെയും ഈജിപ്തിലെയും പോലെ തന്നെ ഇവിടെയും നിലനിന്നിരുന്നു.

ജൂത സമൂഹം :

11215807_987379734614483_7816140507257023087_n

പഴയ നിയമകാലഘട്ടത്തിൽ സ്ത്രീകളെ പൊതുവെ പുരുഷന്റെ സ്വത്തായിട്ടാണ് കണക്കാക്കിയിരുന്നത്. വിവാഹത്തിന് മുന്നേ പിതാവിനും, വിവാഹശേഷം ഭാരതാവിനുമായിരുന്നു സ്ത്രീയുടെ മേൽ അധികാരം. വിധവകൾ ഭർതൃസഹോദരന്റെയോ പുത്രന്റെയോ കീഴിൽ ജീവിച്ചു. ബഹുഭാര്യാത്വം പൊതുവെ അന്ഗീകരിക്കപെട്ടിരുന്നു. സ്ത്രീകളെ യുദ്ധത്തടവുകാരായി പിടിച്ചെടുക്കുക പതിവായിരുന്നു. പുത്രനെ പ്രസവിച്ച സ്ത്രീക്ക് സമൂഹം കുറച്ചു കൂടുതൽ ബഹുമാനം നല്കിയിരുന്നു. പുരുഷന് തന്റെ ഇഷ്ടപ്രകാരം വിവാഹബന്ധം അവസാനിപ്പിക്കാൻ അധികാരം ഉണ്ടായിരുന്നു. തോറ പ്രകാരം, രജസ്വല ആയിരിക്കുമ്പോഴും പ്രസവശേഷവും ഒരു സ്ത്രീ അശുദ്ധ ആണ്. പുത്രനെ പ്രസവിക്കുമ്പോൾ ഉള്ളതിന്റെ ഇരട്ടി അശുദ്ധി ആണ് കുഞ്ഞു പെണ്ണാണെങ്കിൽ. മതപരമായ കാര്യങ്ങളിൽ നിന്നും പൊതുവെ സ്ത്രീകളെ അകറ്റി നിർത്തിയിരുന്നു പുരാതന ജൂതസമൂഹം.
അലക്സാണ്ടറുടെ പടയോട്ടവും റോമൻ സാമ്രാജ്യത്തവും വഴി മേൽപ്പറഞ്ഞ സംസ്കാരങ്ങൾ എല്ലാം ഇടകലർന്നു പുലർന്ന ഒരു സാമൂഹികാന്തരീക്ഷത്തിലേക്കാണ് പിന്നീട് ക്രിസ്തു മതം പിറന്നു വീഴുകയും പാശ്ചാത്യ ലോകത്തെ ഒന്നടങ്കം ഒരു കുടകീഴിലാക്കി ഇന്ന് നാം കാണുന്ന രീതിയിൽ അവരുടെ സംസ്കൃതിയെ ഉരുവാക്കിയെടുക്കുകയും ചെയ്തത്.

ക്രിസ്തുമതത്തിന്റെ ആവിർഭാവത്തിനു ശേഷം : റോമാസാമ്രാജ്യം ക്രൈസ്തവവല്ക്കരിക്കപ്പെട്ടതോടുകൂടി സമൂഹത്തിൽ സ്ത്രീകൾ അനുഭവിച്ചിരുന്ന പല ആനുകൂല്യങ്ങളും ഇല്ലാതായി. എ ഡി 306 ലെ എൽവിര സൂന്നഹദോസ് സ്ത്രീകള് തങ്ങളുടെ പേരില് എഴുത്തുകൾ എഴുതുന്നതും സ്വീകരിക്കുന്നതും നിരോധിച്ചു. ഏതാണ്ട് 345 എ ഡി യോടുകൂടി ഗന്ഘ്ര കൌണ്‍സിൽ സ്ത്രീകള് മുടി മുറിക്കുന്നത് നിരോധിക്കുകയുണ്ടായി. സ്ത്രീകളുടെ സ്വത്തവകാശവും എടുത്തുമാറ്റി. പത്തൊമ്പതാം നൂറ്റാണ്ടവസാനം വരെ പാശ്ചാത്യ സ്ത്രീകള്ക്ക് തന്റെ പിതാവിന്റെ സ്വത്തിൽ യാതൊരു അവകാശവും ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല സ്ത്രീകളുടെ വരുമാനം നിയമപ്രകാരം ഭർത്താവിന്റെ അവകാശമായിരുന്നു. മധ്യകാല യൂറോപ്പ് യുദ്ധ കലുഷിതമായിരുന്നു. പ്രഭുക്കന്മാരും യോദ്ധാക്കളും തങ്ങളുടെ ഭൂമി സംരക്ഷിക്കാനും വര്ധിപ്പിക്കാനുമുള്ള പടയോട്ടങ്ങളിലായിരുന്നു. പട്ടിണിയും, മരണവും മഹാമാരികളും ജനങ്ങളെ നിരന്തരം വേട്ടയാടി. സ്വാഭാവികമായും സ്ത്രീകളുടെ ജീവിതവും ദുരിതപൂർണമായി. സ്ത്രീകളെ പൊതുവെ വിശ്വസിക്കാൻ കൊള്ളാത്തവളും സാത്താന്റെ പ്രലോഭനങ്ങളിൽ പെട്ടന്നു വീഴുന്നവളും എന്ന മുദ്രകുത്തി . ‘വിശുദ്ധ ആയി പ്രഖ്യാപിക്കാത്ത ഒരു സ്ത്രീയും നല്ലതല്ല’ എന്നായിരുന്നു പൊതു മനോഭാവം. പാപസാഹചര്യങ്ങളിൽ വീഴാൻ സാധ്യത മുൻനിർത്തി സൌന്ദര്യവും അണിഞ്ഞൊ രുങ്ങുന്നതും മോശമായി കാണാൻ തുടങ്ങി. ഫ്രാൻസിൽ സ്ത്രീകളെ നിർബന്ധമായി ശിരോവസ്ത്രം ധരിപ്പിച്ചതായി പറയുന്നു. മുടി മറയ്ക്കുന്നത് ഭർത്താവിനോടുള്ള വിധേയത്തത്തെ സൂചിപ്പിച്ചു. കൂടാതെ മറ്റുള്ള പുരുഷന്മാരിൽ നിന്ന് തന്റെ ഭാര്യയെ സംരക്ഷിക്കാം അതുതകുമെന്ന് പുരുഷൻ വിശ്വസിച്ചു.

11109328_987379861281137_7512445652293738014_n

സ്ത്രീകളുടെ ബുദ്ധിവൈഭവത്തിൽ വിശ്വാസമില്ലാത്തതിനാൽ അവർ ഗൃഹപരിപാലനത്തിനു വേണ്ടുന്ന കാര്യങ്ങൾ മാത്രം പഠിച്ചാൽ മതി എന്ന നില വന്നു. അതുപോലെതന്നെ 13–19 നൂറ്റാണ്ടുകളിൽ രണ്ടു ദശ ലക്ഷ തോളം വരുന്ന യൂറോപിയൻ സ്ത്രീകളെ കുരുതികഴിച്ച ‘മന്ത്രവാദിനി വേട്ടയും’ (witch hunt ) ക്രിസ്തുമത നിയമപാലനത്തിന്റെ പേരിലായിരുന്നു. ഈ കൊലകളിൽ ഭൂരിഭാഗവും നടന്നത് 16-17 നൂറ്റാണ്ടുക്ളിലായിരുന്നു. ഒരു ജർമ്മൻ പട്ടണത്തിൽ ഒരൊറ്റ ദിവസം കൊണ്ട് ഏതാണ്ട് 400 സ്ത്രീകളെ കൊന്നതായി ചരിത്രരേഖകൾ പറയുന്നു. യൂറോപ്പിലാകമാനം കാതോലിക്കാ സഭയും പ്രൊട്ടെസ്റ്റന്റ് കാരും ഒരുപോലെ നടത്തിയ ഇത്തരം വിചാരണയും വേട്ടകളും വടക്കേ അമേരിക്കയിലേക്കും വ്യാപിക്കുകയുണ്ടായി.

10410406_987380197947770_3901817669177035852_n

പ്രഭുകുടുംബങ്ങളിലെ കന്യകകളുടെ സ്ഥിതി കുറച്ചുകൂടെ മെച്ചമായിരുന്നു. പുത്രന്മാരില്ലാത്ത പ്രഭുക്കന്മാർ അനുസരണാശീലം ഉണ്ടെങ്കിൽ പുത്രിമാർക്കു സ്വത്തവകാശം നല്കിയിരുന്നു. പ്രഭ്വിയുടെ പ്രഥമ കർത്തവ്യം പുത്രന്മാരെ പ്രസവിക്കുക എന്നതായിരുന്നു. ഭർത്താവ് യുദ്ധത്തിനു പോകുമ്പോൾ തങ്ങളുടെ അധീനതയിലുള്ള ഭൂമി സംരക്ഷിക്കുകയും അല്ലാത്തപ്പോൾ ഭർത്താവിനെ ശുശ്രൂഷിക്കുകയുമായിരുന്നു അവളുടെ ജോലി.
കോണ്‍വെന്റുകളിൽ ചേർന്നു കന്യാസ്ത്രീകളായവരുടെ ജീവിതം വസ്ത്രം പാർപ്പിടം വിദ്യാഭ്യാസം എന്നീ കാര്യങ്ങളിൽ സുഭിക്ഷമായിരുന്നു. ബൈബിളായിരുന്നു അവർ പഠിച്ചിരുന്ന ഗ്രന്ഥം.

ജോവാൻ ഗദോൾ ‘സ്ത്രീകൾക്ക് നവോത്ഥാനം ഉണ്ടായോ ?’ എന്ന തന്റെ പ്രസിദ്ധ ലേഖനത്തിൽ പറഞ്ഞതുപോലെ, യൂറോപിയൻ നവോത്ഥാനത്തിന്റെ ഫലങ്ങൾ ബൌദ്ധിക, രാഷ്ട്രീയ, കലാസാഹിത്യ രംഗത്തു നല്കിയ പുതു ജീവൻ പുരുഷനുമാത്രമേ പ്രാപ്യമായിരുന്നുള്ളൂ . പുരാതന ഗ്രീക്കോ – റോമൻ കലാ സാഹിത്യ നൈപുണ്യം മധ്യകാല സാമൂഹിക സദാചാരസംഹിതകളോട് കോർത്ത്കെട്ടി ശാസ്ത്രീയഅപഗ്രഥനം നടത്തി അവതരിപ്പിക്കുകയാണ് നവോഥാനത്തിൽ സംഭവിച്ചത്. ഒന്നോ രണ്ടോ പ്രഭ്വികൾക്ക് ചില അധികാരസ്ഥാനങ്ങൾ കയ്യടക്കാൻ കഴിഞ്ഞെങ്കിലും ഉയർന്ന ജാതിയിലുള്ള വനിതകൾക്ക് പോലും പ്രത്യേകിച്ച് ഉന്നമനമൊന്നും ഉണ്ടായില്ല.

‘ഇംഗ്ലീഷ് കോമണ്‍ ലോ പ്രകാരം, ഒരു സ്ത്രീ, വിവാഹിത ആണെങ്കിലും അല്ലെങ്കിലും , യാതൊരു വിധത്തിലുമുള്ള അധികാരസ്ഥാനമോ പദവിയോ അലങ്കരിക്കാൻ പാടില്ലായിരുന്നു. സ്ത്രീകളെ രാജ്യത്തെ പൗരന്മാറായി കണക്കാക്കിയിരുന്നില്ല. വിവാഹിതകളുടെ സ്ഥിതി വീട്ടുജോലിക്കാരിയുടേതിനേക്കാൾ ഭേദമായിരുന്നു. ‘ഇംഗ്ലീഷ് കോമണ്‍ ലോ’ ഭർത്താവിനെ തന്റെ ഭാര്യയുടെ അധിപനായാണ്‌ നിർവചിച്ചിരിക്കുന്നത് . അവളിലും അവളുടെ കുഞ്ഞുങ്ങളിലും അയാൾക്ക്‌ പരമാധികാരം ഉണ്ടായിരുന്നു. അവളെ തന്റെ പെരുവിരലിന്റെ വണ്ണമുള്ള വടി കൊണ്ട് തല്ലുവാനും അയാൾക്ക്‌ അവകാശമുണ്ടായിരുന്നു. അതിനെതിരെ പ്രതികരിക്കാൻ അവൾക്കു അനുവാദമില്ലായിരുന്നു.
വ്യവസായികവിപ്ലവം പാശ്ചാത്യലോകത്തെ സാമ്പത്തികമായി ഉയർത്തിയതിനോടൊപ്പം സ്ത്രീകളുടെ ജീവിതാവസ്ഥയിലും പലവിധത്തിലുള്ള മാറ്റങ്ങൾക്ക് ഹേതുവായി.

പരമ്പരാഗതമായി സമൂഹത്തിൽ സ്ത്രീകൾക്കായി നിർവചിച്ചിരുന്ന കടമകൾ ക്രമേണ മാറിത്തുടങ്ങി. ഗാര്‍ഹിക വേല, തുണിമില്ലുകൾ, കല്ക്കരിഖനികൾ, തുടങ്ങിയ ഇടങ്ങളിൽ സ്ത്രീകള് ജോലി ചെയ്യാൻ തുടങ്ങി. ഒരു വിഭാഗം സ്ത്രീകൾക്കെങ്കിലും വ്യാവസായിക വിപ്ലവം സ്വതന്ത്രമായ വേതനം, സഞ്ചാരസ്വാതന്ത്ര്യം, മെച്ചപ്പെട്ട ജീവിതനിലവാരം എന്നിവ അനുഭവിക്കാനുള്ള സാഹചര്യമുണ്ടാക്കി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനപാദത്തോടെ പുതിയ വ്യവസായ നഗരങ്ങളിൽ വളർന്നു വന്ന മധ്യവർഗം നിലവിലിരുന്ന സാമൂഹ്യവ്യവസ്ഥിതിയിൽ മാറ്റങ്ങൾക്കു വഴിമരുന്നിട്ടു. കുട്ടികളുടെ വിദ്യാഭ്യാസചെലവു സ്ഥിരവരുമാനമുള്ള അവർക്ക് താങ്ങാവുന്നതായിമാറി. ഉപജീവനമാർഗം കണ്ടെത്താൻ കുട്ടികൾ തൊഴിൽ ചെയ്യണ്ട ആവശ്യമില്ല എന്ന സാഹചര്യം, കുട്ടികൾ ഒരു സാമ്പത്തിക ബാധ്യത എന്ന മനോഭാവത്തിനു പ്രേരകമായി. അതോടൊപ്പം ആരോഗ്യപരിപാലനരംഗം ആധുനികവൽക്കരിക്കുകയും ചെയ്തതോടെ മിക്ക കുടുംബങ്ങളിലും രണ്ടു കുട്ടികൾ മാത്രമായി ചുരുങ്ങി തുടങ്ങി.

ഫെമിനിസം:

ഫ്രഞ്ചുവിപ്ലവം സ്ത്രീകളുടെ നിലമെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും മുന്നോട്ടു വെച്ചിരുന്നെങ്കിലും, 1792 ലെ ഫ്രഞ്ച് ഭരണഘടന സ്ത്രീകളെ പൊതുരംഗത്ത് നിന്നും നിരോധിച്ചു. മാത്രമല്ല, 1804 ലെ നെപോളിയന്റെ സിവിൽ കോഡ് സ്ത്രീകള്ക്ക് നിയമപരിരക്ഷ നിഷേധിക്കുകയും വിവാഹബന്ധം വേർപ്പെടുതുന്നതിനുള്ള അവകാശം നിഷേധിക്കുകയും ചെയ്തു. കൂടാതെ, സ്ത്രീകളുടെ സ്വത്തും സംരക്ഷണവും ഭർത്താക്കന്മാരുടെ കീഴിലാക്കി.

ആൻഗ്ലോ സാക്സൻ — ക്രിസ്തുമതാധിഷ്ടിതമായ സമൂഹ്യസാംസ്കാരികക്രമവും താരതമ്യേന ലിബറൽ പാർലമൻററി രാഷ്ട്രസംവിധാനവും മുഖമുദ്രയായ പശ്ചിമ യൂറോപിയൻ രാഷ്ട്രങ്ങളിലാണ് ഫെമിനിസ്റ്റു പ്രസ്ഥാനം പിന്നീട് ശക്തിയാര്ജ്ജിച്ചത്. അമേരിക്കയിൽ അടിമവ്യവസ്ഥക്കെതിരായ പോരാട്ടങ്ങൾ സ്ത്രീകൾക്കും ഊർജ്ജമേകി. 1848 മുതലങ്ങോട്ടു ഈ രാജ്യങ്ങളിലെല്ലാം വിവിധ സ്ത്രീ സംഘടനകൾ രൂപീകരിക്കപെട്ടു. 1903ൽ ,ബ്രിട്ടനിൽ സ്ത്രീകള്ക്ക് വോട്ടവകാശം ലഭിക്കുന്നതിനായ്‌ ശക്തമായ ഒരു പ്രക്ഷോഭം നടന്നു. 1906 ൽ ഫിൻലാൻഡും 1913 ൽ നോർവേയും സ്ത്രീകള്ക്ക് വോട്ടവകാശം നൽകി. പക്ഷെ 1893 ൽ തന്നെ ബ്രിട്ടീഷ്‌ കോളനി ആയ ന്യൂസിലാണ്ട് സ്ത്രീകൾക്ക് പ്രായപൂർത്തി വോട്ടവകാശം നല്കിയിരുന്നു. യാഥാസ്ഥിതികതയുടെ കെട്ടുകൾ പൊട്ടിച്ചെറിയാൻ യൂറോപ്പ് തയ്യാറായിരുന്നില്ലെന്നു ചുരുക്കം. 1918 ൽ ബ്രിട്ടണ്‍ ഉപാധികളോടെ സ്ത്രീകള്ക്ക് വോട്ടവകാശം നൽകി. എങ്കിലും കത്തോലിക്കാസഭ ശക്തമായ സാന്നിധ്യം പുലർത്തിയ സ്പെയിൻ, ഇറ്റലി , ഫ്രാൻസ് തുടങ്ങിയ ഇടങ്ങളിൽ ഫെമിനിസ്റ്റു പ്രസ്ഥാനം കടുത്ത എതിർപ്പുകൾ നേരിടുകയുണ്ടായി. ലോകമഹയുധങ്ങളുടെ ഫലമായി മാറിയ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തിൽ പൊതുരംഗത്തു സ്ത്രീകളുടെ പങ്കാളിത്തം അത്യാവശ്യമായി മാറി. സ്വിറ്റ്സെർലാൻഡ്‌ സ്ത്രീകള്ക്ക് വോട്ടവകാശം അനുവദിച്ചത് വെറും 1971 ൽ മാത്രമാണ്.

11330010_987380367947753_733620751534226224_n

1949 ൽ സിമോൻ ദെ ബൊവെയ് (Simone de Beauvoir) എഴുതിയ ‘രണ്ടാംവർഗം’( Le Deuxième Sexe/The Second Sex) എന്ന പുസ്തകം ഫെമിനിസ്റ്റ് പ്രസ്ഥാനത്തെ മാർക്സിസത്തോടും അസ്തിത്വവാദത്തോടും ബന്ധിപ്പിച്ചു.
കുടുംബത്തിലെ സമത്വത്തിനായി സ്ത്രീകള്ക്ക് ഇനിയും പോരാടേണ്ടതായ് വന്നു. 1965 ൽ മാത്രമാണ് ഫ്രാൻസിൽ സ്ത്രീക്ക് സ്വന്തമായ് ജോലി ചെയ്യാൻ ഭർത്താവിന്റെ അനുവാദം വേണം എന്ന് നിയമത്തിൽ മാറ്റം വന്നത്.
1960 കളിൽ ഫെമിനിസ്റ്റ് പ്രസ്ഥാനം സ്ത്രീപുരുഷ സമത്വതിലുപരി വിവേചനങ്ങൾക്കെതിരായ പോരാട്ടങ്ങൾക്ക് ഊന്നൽ കൊടുത്തു തുടങ്ങി.
ഇരുപതാം നൂറ്റാണ്ടോടുകൂടി മാത്രമാണ് പാശ്ചാത്യ ലോകത്ത് ക്രിസ്തുമതനിയമത്തിന്റെ ഹസ്തങ്ങളിൽ നിന്നും രക്ഷപെട്ടു സ്ത്രീകൾക്ക് സമൂഹത്തില തുല്യാവകാശം നേടാനുള്ള സാഹചര്യം സംജാതമായത്. 1939 ൽ ഫിന്നിഷ് നരവംശ ശാസ്ത്രജ്ഞനായ എഡ്വാർഡ്‌ വെസ്റ്റെർമാർക്ക്‌ , ‘ക്രിസ്തുമതവും സദാചാരവും ‘ എന്നാ പുസ്തകത്തില ഇങ്ങനെ കുറിച്ചു : “വിവാഹിതയായ ഒരു സ്ത്രീക്ക് പുരാതന റോമിൽ ലഭ്യമായ സ്ഥാനമാനങ്ങൾ ക്രിസ്തീയസഭാനിയമങ്ങളിലധിഷ്ടിതമായ യൂറോപ്പിയൻ നിയമവ്യവസ്ഥയിൽ നഷ്ടപെട്ടുപോയിട്ടു, അത് തിരിച്ചു പിടിക്കാൻ രണ്ടായിരത്തിലധികം വർഷങ്ങൾ കഴിഞ്ഞിട്ടും പൂര്ണമായി സാധിചിട്ടില്ലായിരിക്കാം. പക്ഷേ പാശ്ചാത്യ സ്ത്രീകൾ ക്രിസ്തുമതത്തിന്റെ യാതൊരു കയ്യും ഇല്ലാതെയാണ് ഇന്നത്തെ ഔന്നത്യം കൈവരിച്ചത് എന്നത് മറ്റൊരു ചരിത്രസത്യം.”

ഇന്നും ജോലിസ്ഥലത്ത് സ്ത്രീകള്ക്ക് പുരുഷന്മാരേക്കാൾ കുറഞ്ഞ സേവനവേതന സൌകര്യങ്ങളാണ് പല യാഥാസ്ഥിതിക യൂറോപിയൻ രാജ്യങ്ങളിലും നിലവിലുള്ളത്. പശ്ചാത്യസ്ത്രീകളുടെ ദുരിതപൂർണ്ണമായ ഭൂതകാലവും അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ട ചരിത്രവും അവിടുത്തെ സാംസ്‌കാരിക ചുറ്റുപാടുകളുടെ പരിണിതഫലമാണ്. മറിച്ച് , ഭാരതസമൂഹത്തിൽ സ്ത്രീത്വം തത്വത്തിൽ എക്കാലവും താരതമ്യേന ഭേദപ്പെട്ട ജീവിത നിലവാരം അനുഭവിച്ചിരുന്നു. എന്നിട്ടും നൂറ്റാണ്ടുകളോളം സ്ത്രീയെ രണ്ടാം കിട ജന്മങ്ങളായ് മാത്രം കണ്ടു പഴകിയ യൂറോപിന്റെ ചരിത സാംസ്‌കാരിക സാഹചര്യത്തിൽ അത്യാവശ്യം ആയി ഭവിച്ച ഫെമിനിസ്റ്റ് പ്രസ്ഥാനത്തെ കണ്ണടച്ച് വിഴുങ്ങി ഹൈന്ദവസമൂഹത്തെ വിദ്വേഷത്തോട് കൂടി സമീപിക്കുന്ന ഭാരത നാരികൾ യാഥാർത്യബോധം കൈവരിക്കും എന്ന് പ്രതീക്ഷിക്കാം.

Anjali George

Anjali George is a writer, scholar and preservationist. She is extremely passionate about safeguarding Indic and indigenous cultures. Founding member of People For Dharma, Indic Collective and Shakatitva Foundation, she serves as a board member of Frankfurt City’s Council of Religions. She is also one of the pioneers of the ‘Ready To Wait’ movement, launched in opposition to a politically motivated attack on the tradition of the Sabarimala temple. Apart from her interest in philanthropic and cultural pursuit, she is an accomplished artist and strategist.

0 Reviews

Related post

Leave a Reply

Your email address will not be published. Required fields are marked *