ഓണത്തെ വെടക്കാക്കി തനിക്കാക്കാൻ ശ്രമിക്കുന്ന വിമോചന ദൈവശാസ്ത്രം

 ഓണത്തെ വെടക്കാക്കി തനിക്കാക്കാൻ ശ്രമിക്കുന്ന വിമോചന ദൈവശാസ്ത്രം

മഹാബലിയേ കോമാളി വേഷം കെട്ടിച്ചു സാന്ടാ ക്ളോസിന്റെ മലയാള പതിപ്പാക്കി കൺസ്യൂമർ ഓണാഘോഷത്തിന്റെ ചിഹ്നമാക്കി മാറ്റിയ കേരളം ഇപ്രാവശ്യത്തെ ഓണം കൊണ്ടാടിയത് തോമസ് ഐസ്സക്കിലൂടെയും ഹൈബി ഈഡനിലൂടെയും മറ്റു ആഗലേയ ബുദ്ധികേന്ദ്രങ്ങളിലൂടെയും “ഓണം ഹൈന്ദവം അല്ല” എന്ന പുതിയ നാടക രംഗങ്ങൾ ആവിഷ്കരിച്ചു കൊണ്ടാണ്. സ്വയം കൃതാനർത്ഥം അനുഭവിക്കുകയാണ് കേരളത്തിലെ ഹിന്ദുക്കൾ. ഉത്രാടത്തിന്റന്നു സകല വിമോചന ദൈവശാസ്ത്രകാരന്മാരായ ബുദ്ധിജീവികളും, പത്രപ്രവർത്തകരും ഓണത്തെ കുറിച്ച് ട്വീറ്റുകൾ എയ്യുകയായിരുന്നു. ഓണം ഹൈന്ദവമല്ലാത്രേ… വാമനൻ ചതിയനാണത്രെ…

A painting of Mahabali commissioned by Uthradom Tirunal Marthanda Varma of the Travancore royal family

മഹാബലിയുടെ ഓണം ആഘോഷിക്കാൻ ഉത്തരേന്ത്യക്കാരേക്കാൾ അവകാശം മലയാളി ആയ ക്രിസ്ത്യാനിക്കാണ് എന്ന് പറഞ്ഞു പ്രാദേശികവാദം ഊതിക്കത്തിക്കാൻ നോക്കിയ ചില പ്രമുഖ വിമോചന ദൈവശാസ്ത്ര വിപ്ലവകാരികളെയും കാണാനിടയായി. എന്നാൽ ചരിത്രം പറയുന്നത് ഉദയംപേരൂർ സൂനഹദോസിലെ ഒരു പ്രധാന ഉത്തരവ് തന്നെ കേരളത്തിലെ ക്രിസ്ത്യാനികൾ ഓണം പോലുള്ള ‘അവിശ്വാസികളുടെ’ ആഘോഷങ്ങൾ ആചരിക്കരുത് എന്നാണ് താനും.

നർമ്മദയുടെ വടക്കേ തീരത്ത് ഭൃഗുകഛത്തിൽ യാഗം നടത്തിയ മഹാബലി ചക്രവർത്തിയെ ഏറ്റവും കൂടുതൽ ആരാധിക്കുന്നത് നർമ്മദാ തീരത്തുള്ളവർ തന്നെയാണ്. ദീപാവലിയോടനുബന്ധിച്ചു ബലി പ്രതിപദം എന്നൊരു ആഘോഷം ഉണ്ട്. അത് ബലി ചക്രവർത്തിയെ ആരാധിക്കുന്ന ചടങ്ങാണ്. ഡെക്കാൻ മേഖലയിലും, മഹാരാഷ്ട്ര, കർണ്ണാടക തീരത്തും ഇത് വലിയ ആഘോഷമാണ്. കേരളത്തിലാണെങ്കിൽ ഉത്തര മലബാറിലെ നമ്പൂതിരി കുടുംബങ്ങൾ ആണ് മഹാബലി യെ ഇങ്ങനെ ആരാധിക്കുന്നത്.

മുമ്പൊരിക്കൽ, ദുർഗാ ദേവിയെ വേശ്യ ആക്കിയത് ന്യായീകരിക്കുന്ന ഇടതു പക്ഷത്തെ രക്ഷിക്കാൻ മഹാബലി എന്ന അസുരനെ പ്രകീർത്തിച്ചു ആഘോഷിക്കുന്ന ഓണം വെച്ച് യച്ചൂരി സഖാവ് ഒരു ഡയലോഗ് കാച്ചി. അസുരന്മാരെ ആരാധിക്കുന്നത് ദേശ വിരുദ്ധ പ്രവര്‍ത്തനം ആണെങ്കിൽ ഓണത്തിന് മഹാബലി എന്ന അസുരനെ ആരാധിക്കുന്ന മലയാളികൾ എല്ലാം രാജ്യ ദ്രോഹികൾ ആവില്ലേ എന്ന്. കുറച്ചു കാലങ്ങളായി ഓണം മാത്രമല്ല, ഏതൊരു ഹിന്ദു ആഘോഷങ്ങളും ഇങ്ങനെ പല പുനർവായനകളുടെ ഇര ആയി കൊണ്ടിരിക്കുകയാണ്. ഓണത്തിന് മഹാബലിയെ ആരാധിക്കുന്നതു വാമനനെ തെറി പറഞ്ഞിട്ടല്ല. അസുരനെ ആരാധിച്ചതല്ല ഇവിടെ വിഷയം. ആരും അസുരനെ ആരാധിക്കുന്നതിനെ ഇകഴ്ത്തുന്നില്ല. പക്ഷെ ദുർഗാ ദേവിയെ വേശ്യ ആക്കിയതിനെ പുകഴ്ത്തുന്ന സെമിറ്റിക് മനസുണ്ടല്ലോ… അതാണ്‌ വിമർശനവിധേയമാകുന്നത്.

ഓണം വാമനജയന്തി ആണെന്നും, മഹാബലിയുടെ മുത്തച്ഛൻ പ്രഹ്ലാദനും, ബലിയും വിഷ്ണുഭക്തരാണെന്നും ബലിയെ സുതല ചക്രവർത്തി ആക്കി അനുഗ്രഹിച്ചു മഹാവിഷ്ണു, എന്നൊക്കെയാണ് കഥകൾ എന്ന് അറിയാവുന്ന മലയാളികളുടെ അടുത്ത് ഈ വാദഗതികൾ വിലപ്പോകുമോ എന്ന് യെച്ചൂരി സഖാവ് ചിന്തിച്ചു കാണില്ല. മഹിഷൻ അസുരൻ ആയതുകൊണ്ടല്ല മറിച്ചു ഗർവിനുള്ള ഫലമായിട്ടാണ് വധിക്കപെട്ടത്. ബലിയോ വധിക്കപെടുകയല്ല, സുതലപതിയാക്കപ്പെടുകയാണ് ചെയ്തത്. രാവണൻ ബ്രാഹ്മണ പുത്രനായിരുന്നു. ബ്രഹ്മാവിനാൽ വരം ലഭിച്ചവരാണ് ഇവരെല്ലാം. ദേവതയാൽ വധിക്കപെട്ടതിനാൽ മോക്ഷം ലഭിക്കുകയാണ് ഉണ്ടായത്.

“ദേവന്മാര്‍ക്കും ലഭിക്കാൻ കഴിയാത്ത മഹാസ്ഥാനത്ത് മഹാബലി എത്തിയിരിക്കുന്നു. സാവര്‍ണിമന്വന്തരത്തില്‍ അങ്ങ് ദേവേന്ദ്രനായി ഭരിക്കും. അതുവരെ വിശ്വകര്‍മ്മാവ്‌ നിർമ്മിച്ചിരിക്കുന്ന സുതലത്തിൽ വാഴൂ. എന്റെ ദൃഷ്ടി എപ്പോഴും ഉള്ളതിനാൽ മനസ്സിൽ ക്ലേശങ്ങളോ ശരീരത്തിന് വ്യാധിയോ ക്ഷീണമോ ആലസ്യമോ അന്യരിൽ നിന്ന് അപമാനമോ മറ്റു ആപത്തുക്കളോ ബാധിക്കില്ല. അങ്ങയെ ഇന്ദ്രൻ കൂടി ധിക്കരിക്കില്ല. അങ്ങയുടെ ആജ്ഞയെ അതിക്രമിക്കുന്നവനെ എന്റെ സുദർശനചക്രം നിഗ്രഹിക്കും. ഞാൻ സുതലത്തിന്റെ പടിക്കൽ സദാ സന്നിഹിതനായിരിക്കും എന്ന് ഭവാൻ അറിയുക.” ഇങ്ങനെയാണ് മഹാബലിയോട് വിഷ്ണു പറയുന്നത്

ഭക്തൻ തന്റെ അഹങ്കാരം വെടിയുമ്പോൾ ഭഗവാൻ അവന്റെ പൂർണ ഉത്തരവാദി ത്വം ഏറ്റെടുക്കുമെന്നാണ് വാമനാവതാരത്തിലൂടെ ഭാഗവതം വ്യക്തമാക്കുന്നത്. അസുരന്മാർ ചെകുത്താന് തുല്യം ആവുന്ന സെമിറ്റിക് മനസ്സിന് ഈ സങ്കീർണ്ണതകൾ മനസ്സിലാക്കാൻ കഴിയില്ല.

ഋഗ്വേദത്തിൽ ഇന്ദ്രൻ അസുരനായാണ് ചില ശ്ലോകങ്ങളിൽ പറയുന്നത്. മറ്റു ചിലയിടങ്ങളിൽ അഗ്നിയും മിത്രനും വരുണനും അസുരനായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. അസുരൻ എന്ന പദം അതിശക്തൻ, ഭീമാകാരമായ, അമാനുഷികൻ എന്നെല്ലാമാണ് ഋഗ്വേദത്തിൽ അര്ത്ഥം കൊടുത്തിരിക്കുന്നതായ് വേദ പണ്ഡിതർ പറയുന്നത്. സാത്വിക രീതിയിൽ നിന്നും വ്യതിചലിച്ചവരെ അസുരൻ എന്ന് പറയുന്ന രീതിയുമുണ്ട്. തമോഗുണപ്രധാനമായ ചിത്തവൃത്തികളെ ആണ് അസുരന്മാരെന്നു പറയുന്നത്. അസുക്കളിൽ അഥവാ നാനാഗതികളായ വിഷയങ്ങളോടു കൂടിയ പ്രാണനക്രിയകളിൽ രമിക്കുന്നതുകൊണ്ടാണ് അസുരന്മാരെന്ന് പ്രയോഗിച്ചിരിക്കുന്നത്.

അസുരനും ദേവനും ഒരേ ഗുരുവിന്റെ അടുത്തു നിന്നും വിദ്യ അഭ്യസിക്കുന്നതായി ഉപനിഷത്ത് പറയുന്നുണ്ട്. ദേവൻ സ്ഥിതിയിൽ ശ്രദ്ധിക്കുമ്പോൾ അസുരൻ സംഹാരത്തിനു പ്രാധാന്യം കൊടുക്കുന്നു എന്നല്ലാതെ ഇത് ഒരു വർഗം (race) ആയി കരുതുന്നത് സെമിറ്റിക് മനസിന്റെ മിഥ്യാധാരണകളുടെ പ്രഭാവത്തിൽ നിർമ്മിക്കപെട്ട “scholarly analysis” ന്റെ ഫലമാണ്‌. മാത്രമല്ല, അസുരനും ദേവനും ഒക്കെ ഹിന്ദുമതത്തിലെ പുരാണിക കഥാപാത്രങ്ങൾ അല്ലെ? അല്ലാതെ ബൈബിളിലും ഭരണഘടനയിലും, മൂലധനത്തിലും ഒന്നും കാണുന്ന ആളുകൾ അല്ലല്ലോ? അപ്പോൾ ദേവന്മാരും അസുരന്മാരും തമ്മിലുള്ള പ്രശ്നങ്ങളിൽ ഹൈന്ദവ സംസ്കാരത്തോടു പുച്ഛം മാത്രം വച്ച് പുലർത്തുന്നവർ കേറി ഇടപെട്ടു ഇതൊന്നും ഹിന്ദു അല്ല എന്ന് പറഞ്ഞു നിലവിളിക്കുന്നത് എന്തിനാണ്?

Photo: Renjith Thottekad

ഓണാഘോഷത്തിനു യഥാർത്ഥത്തിൽ രണ്ടു തലങ്ങളുണ്ട്. വീടുകളിൽ നടക്കുന്ന ആചാരപരമായ അനുഷ്ടാനങ്ങളും ചടങ്ങുകളും, സാമൂഹിക തലത്തിൽ നടക്കുന്ന ആഘോഷങ്ങളും കൂട്ടായ്മയും. ഇവയിൽ പരസ്യമായി നടക്കുന്ന സാമൂഹിക ആഘോഷങ്ങളിൽ മാത്രമാണ് ഏതൊരു മതേതര, ക്രിസ്ത്യൻ, മുസ്ലിം മലയാളിയും പങ്കു ചേരുന്നുള്ളൂ. വീടുകളിലെ ആചാരാനുഷ്ഠാനങ്ങൾ അന്നും ഇന്നും ഹൈന്ദവ ഭവനങ്ങളിൽ മാത്രം പാലിക്കുന്ന ചിട്ടകളാണ്. അതിൽ മഹാവിഷ്ണുവിന് തന്നെയാണ് പ്രാധാന്യവും.

Photo: Sooraj Subrahmaniyam

ഹിന്ദുക്കളുടെ ആഘോഷങ്ങളെ മതേതരവൽക്കരിച്ചു വെടക്കാക്കി തനിക്കാക്കാൻ കേരളം ഭരിച്ച മതേതര കമ്മ്യൂണിസ്റ്റുകൾ തുടങ്ങിയ കാലത്തു മുതലാണ് കേരളത്തിൽ ഓണം മതേതര കാർഷിക വിപ്ലവം ആയി മാറിയത് എന്നത് വേറെ കാര്യം. 

അതായതുത്തമാ, കേരളം വിട്ടു മറ്റു നാടുകളിലേക്ക് പോയിക്കഴിഞ്ഞാൽ നസ്രാണിക്കും മലയാളി എന്ന സ്വത്വം ആണ് തങ്ങളുടെ സവിശേഷത ആയി ഉയർത്തി കാണിക്കുവാൻ ആകെപ്പാടെ ഉള്ളത്. വെറുമൊരു ക്രിസ്ത്യാനി മാത്രം ആയി ഇരുന്നാൽ ലോകത്തെ മറ്റെല്ലാവരെയും പോലെ ഒരാൾ മാത്രം ആയി ചുരുങ്ങുകയല്ലേ ഉള്ളൂ? കഥയറിയാതെ, സാമൂഹിക ആഘോഷങ്ങളിൽ പങ്കുചേർന്നു ഉല്ലസിച്ച കൂട്ടർക്ക് ഓണത്തിനു പിന്നിലെ യാഥാർഥ്യങ്ങളും ഹിന്ദുകുടുംബങ്ങളിലെ ആചാരങ്ങളും മറ്റും സോഷ്യൽമീഡിയയിലും മറ്റും കാണുമ്പോൾ ഉണ്ടാകുന്ന അന്യഥാബോധത്തിനു അവർ കണ്ടെത്തിയ മറുമരുന്നാണ് ‘ചവിട്ടേൽക്കുന്നവന്റെ സുവിശേഷം’. 

Onam celebration in Delhi 2011. Photo: The Hindu

ക്രൈസ്തവ സ്വത്വത്തോടൊപ്പം മലയാളി സ്വത്വത്തെ കൈവശപ്പെടുത്തണമെങ്കിൽ, അതിൽ അവകാശം ഉണ്ടാവണമെങ്കിൽ, കേരളത്തിന്റെ ചരിത്രവും സംസ്കാരവും ഹൈന്ദവം അല്ലാതെ ആകണം. ഓണത്തെയും മഹാബലിയെയും മറ്റും ഹൈന്ദവം അല്ലാതെ ആക്കി മതേതരവൽക്കരിച്ചു വെടക്കാക്കി തനിക്കാക്കി മാറ്റുക എന്ന അധിനിവേശ തന്ത്രം ആണ് നമ്മൾ ഈഡനിലൂടെയും തോമാച്ചായനിലൂടെയും മറ്റും കണ്ടത്. 

Anjali George

Anjali George is a writer, scholar and preservationist. She is extremely passionate about safeguarding Indic and indigenous cultures. Founding member of People For Dharma, Indic Collective and Shakatitva Foundation, she serves as a board member of Frankfurt City’s Council of Religions. She is also one of the pioneers of the ‘Ready To Wait’ movement, launched in opposition to a politically motivated attack on the tradition of the Sabarimala temple. Apart from her interest in philanthropic and cultural pursuit, she is an accomplished artist and strategist.

0 Reviews

Related post